വാഷിംഗ്ടൺ ഡിസി: ശ്രീനാരായണ മിഷൻ സെന്റർ വാഷിംഗ്ടൺ ഡിസിയുടെ (എസ്എൻഎംസി) ആഭിമുഖ്യത്തിൽ വിഷു 2026 ആഘോഷം ബെഥെസ്ഡയിലെ സെവൻ ലോക്ക്സ് എലമെന്ററി സ്കൂളിൽ ശനിയാഴ്ച വിപുലമായി സംഘടിപ്പിച്ചു.
കേരളത്തിന്റെ പാരമ്പര്യവും സാംസ്കാരിക പൈതൃകവും മനോഹരമായി പ്രതിഫലിപ്പിച്ച ഈ ആഘോഷം പങ്കെടുത്ത എല്ലാവർക്കും ഓർമയിൽ നിറഞ്ഞ അനുഭവമായി മാറി. വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു.
കൂടാതെ നിറപ്പകിട്ടാർന്ന സാംസ്കാരിക പരിപാടികൾ വേദിയെ സമ്പുഷ്ടമാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി നടത്തിയ പരിശീലനത്തിന്റെ ഫലമായി 50 ൽ പരം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ശ്രദ്ധേയമായി. പരിപാടികളുടെ ഉയർന്ന നിലവാരം പ്രേക്ഷകരുടെ പ്രശംസയ്ക്ക് പാത്രമായി.
ദീപാർപ്പണവും അതിനു ശേഷം മുൻ പ്രസിഡന്റുമാരും നിലവിലെ കമ്മിറ്റിയംഗങ്ങളും ചേർന്ന് നടത്തിയ നിലവിളക്കുതെളിയിക്കലും ചേർന്നാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് പാർവതി അഭിലാഷ് ദൈവദശകം മനോഹരമായി ആലപിച്ചു.